എ.എസ്.ഐയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Saturday, August 24, 2019

തിരുവനന്തപുരം: തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി.ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.  ആത്മഹത്യ ചെയ്ത പി.സി ബാബുവിന്റെ വീട് കഴിഞ്ഞ ദിവസം താന്‍ സന്ദര്‍ശിച്ചിരുന്നു. എസ്.ഐ രാജേഷിന്റെ മാനസിക പീഢനത്തെ തുടര്‍ന്നാണ് ബാബു ആത്മഹത്യചെയ്തതെന്നാണ് ഭാര്യയും, കുടുംബാംഗങ്ങളും ആരോപിക്കുന്നത്. ഈ സംഭവത്തിന് രണ്ടാഴ്ച്ച മുന്‍പ് ബാബുവും കുടുംബവും സര്‍ക്കിള്‍ ഇന്‍സ്‌പെകടറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നെങ്കിലും എസ്‌ഐ വീണ്ടും മോശമായാണ് ബാബുവിനോട് പെരുമാറിയിരുന്നതെന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തിന് ഉത്തരവാദിയായ എസ്‌ഐക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനു പകരം അദ്ദേഹം ആവശ്യപ്പെട്ട സൗകര്യപ്രദമായ സ്റ്റേഷനിലേക്ക് സ്ഥലമാറ്റം നല്‍കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.