‘ബോംബ് ഷെല്‍റ്ററുകള്‍ ഗൂഗിള്‍ ചെയ്ത് കണ്ടുപിടിക്കൂ, സുരക്ഷിത സ്ഥാനത്തേക്ക് മാറൂ’; നിർദേശിച്ച് ഇന്ത്യന്‍ എംബസി

Jaihind Webdesk
Thursday, February 24, 2022

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മൂന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യ. ബോംബ് ഷെല്‍റ്ററുകളിലേക്ക് മാറാനാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ ബോംബ് ഷെല്‍റ്ററുകള്‍ കണ്ടെത്താമെന്നും എംബസി മുന്നറിയിപ്പില്‍ പറയുന്നു.

കൂടുതല്‍ ബോംബ് ഷെല്‍റ്ററുകളും ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുകളെ കുറിച്ച് ധാരണയുണ്ടാകണം.  ഷെല്‍റ്ററുകള്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ കണ്ടെത്തണം. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും അത്തരം സന്ദർഭം ഉണ്ടായാല്‍ ആവശ്യമായ രേഖകള്‍ കൈവശം കരുതണമെന്നും എംബസി മുന്നറിയിപ്പില്‍ വ്യക്തമാക്കി. കേന്ദ്ര വിദേശ മന്ത്രാലയം രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇന്ത്യ.

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍ ദേശീയമാധ്യമത്തിലൂടെ സൈനികനീക്കം നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് അറിയിച്ചതിന് പിന്നാലെയാണ്  യുക്രെയ്നില്‍ ആക്രമണം തുടങ്ങിയത്. അപ്രതീക്ഷിതമായ റഷ്യന്‍ സൈനിക നീക്കത്തില്‍ പകച്ചെങ്കിലും യുക്രെയ്ന്‍ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ നാറ്റോ സൈനികനീക്കം നടത്തില്ലെന്ന് വ്യക്തമാക്കിയതോടെ യുക്രെയ്ന്‍ ഒറ്റപ്പെട്ടു. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം റഷ്യന്‍ സൈന്യം ഇതിനോടകം കടന്നെത്തി. യുദ്ധഭീതി ഒഴിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ഏവരും.