നെടുംങ്കണ്ടം കസ്റ്റഡി മരണം : 15 ദിവസം പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതിയില്ല; ദുരൂഹതകൾ ഏറുന്നു

Jaihind Webdesk
Saturday, July 6, 2019

Nedumkandam-custody-murder

നെടുംങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമ്പോഴും ക്രൈംബ്രാഞ്ചിന് മുന്നിലുളളത് ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ. കസ്റ്റഡി മരണം കഴിഞ്ഞ് 15 ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതിയില്ല.

കസ്റ്റഡി മരണവുമായി ബന്ധപെട്ട കേസിന് പിന്നിൽ ഓരോ ദിവസം കഴിയുമ്പോഴും ദുരൂഹതകൾ ഏറുകയാണ്. കസ്റ്റഡി പീഡനം തെളിഞ്ഞെങ്കിലും ക്രൈംബ്രാഞ്ചിനു മുന്നിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാകുകയാണ്. ഹരിത ഫിനാൻസ് സ്ഥാപനം സ്വകാര്യ സംഘങ്ങൾക്ക് നൽകാൻ സമാഹരിച്ചത് രണ്ടരക്കോടി രൂപയാണ്. തട്ടിപ്പിനിരയായവർ പ്രതികളെ പോലീസിന് കൈമാറുമ്പോൾ മൂന്ന് ലക്ഷം ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പോലീസിന്‍റെ കണക്കിൽ ഒരു ലക്ഷത്തി അൻപതിനായിരം മാത്രം. ഇതിൽ പോലീസ് ജീപ്പിന് ഇന്ധനം നിറക്കാനും ഭക്ഷണം കഴിക്കാനുമായി 70,000 രുപ പോലീസ് ചിലവാക്കി. ഈ തുകയും കുമാർ സമാഹരിച്ചെന്ന് പറയുന്ന കോടികൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതിൽ ഉന്നതരുടെ കള്ള പണം 4 ശതമാനം പലിശയിൽ പാവപ്പെട്ടവർക്ക് നൽകി വെളുപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പിരിച്ചെടുത്ത തമിഴ്‌നാട്ടിലെത്തിയതായും സൂചനകൾ ഉണ്ട്.

ഈ ഭാരം എനിക്ക് ചുമക്കാൻ വയ്യ സാർ എന്നെ രക്ഷിക്കണം എന്ന് കുമാർ ഫോണിൽ കൂടി പറഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു. ഫോൺ വിളിച്ചയാളുടെ പേര് പറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്നും കുമാർ ഭയപ്പെട്ടിരുന്നു. പണം നൽകിയവർ കുമാറിന്‍റെ വീട്ടിലെത്തിയപ്പോൾ വീടിന് പുറത്തിറങ്ങി ആരെയെക്കെയൊ ഫോൺ വിളിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് പോലീസ് കസ്റ്റഡിയിലായ കുമാർ കൊടിയ പീഡനങ്ങൾക്ക് ഇരയായതെന്നും ആണ് റിപ്പോർട്ട്.