മുഖം രക്ഷിക്കാൻ ‘നിർബന്ധിത അവധി’; പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ഡോക്ടറെ സംരക്ഷിച്ച് ആരോഗ്യവകുപ്പ്

Jaihind News Bureau
Wednesday, February 18, 2026

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ചകൾ പുറത്ത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും വിവാദ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ, ‘നിർബന്ധിത അവധി’ നൽകി ജനരോഷത്തിൽ നിന്ന് തടിയൂരാനാണ് അധികൃതർ ശ്രമിക്കുന്നത്. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചതോടെയാണ് ആശുപത്രിയിലെ ചികിത്സാ പിഴവുകളെക്കുറിച്ചുള്ള ഗുരുതരമായ വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നത്.

ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന തന്നെ സമ്മതിക്കുന്നു. എന്നാൽ, ഇത്രയധികം പരാതികൾ നിലവിലിരിക്കെ വീണ്ടും അതേ ഡോക്ടറെ പ്രധാന തസ്തികയിൽ തുടരാൻ അനുവദിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് ഡോക്ടറെ മാറ്റിനിർത്താൻ അധികൃതർ തയ്യാറായത് എന്നത് വകുപ്പിന്റെ ‘മുഖം രക്ഷിക്കൽ’ തന്ത്രമായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ നിരഞ്ജനയെ അഡ്മിറ്റ് ചെയ്തത് മുതൽ വലിയ വീഴ്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും, മണിക്കൂറുകൾ വൈകി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയൻ നടത്തിയത്. ശ്വാസതടസ്സമാണ് മരണകാരണമെന്ന് ഡോക്ടർ വിശദീകരിക്കുമ്പോഴും, ചികിത്സാ പ്രക്രിയയിലെ കാലതാമസവും അശ്രദ്ധയുമാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് സംഘം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകുകയാണ്.