ഭരണത്തുടർച്ച മോഹങ്ങൾ പൊലിയുന്നു; കേരളത്തിൽ രാഷ്ട്രീയക്കാറ്റ് യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവ്വേ ഫലം

Jaihind News Bureau
Wednesday, January 21, 2026

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് എൻ.ഡി.ടി.വി വോട്ട് വൈബ് ഇന്ത്യ നടത്തിയ ഏറ്റവും പുതിയ സർവ്വേ ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിലവിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചാ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന ഫലങ്ങളാണ് സർവ്വേ പുറത്തുവിട്ടിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച പ്രകടനത്തിന്റെ തുടർച്ചയായി യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെങ്കിലും യു.ഡി.എഫിന്റെ മുന്നേറ്റത്തിന് മുന്നിൽ എൽ.ഡി.എഫും എൻ.ഡി.എയും പിന്നിലാകും. സർക്കാരിന്റെ പ്രവർത്തനങ്ങൾ ‘വളരെ മോശം’ എന്നാണ് സർവ്വേയിൽ പങ്കെടുത്ത 50 ശതമാനത്തിലധികം ആളുകൾ അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്തുടനീളം യു.ഡി.എഫ് അനുകൂലമായ രാഷ്ട്രീയ കാറ്റാണ് വീശുന്നതെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും സർവ്വേ അടിവരയിടുന്നു. സാമ്പത്തിക പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സർക്കാരിനെതിരെയുള്ള പൊതുവികാരം ശക്തമാക്കാൻ കാരണമായതായും റിപ്പോർട്ടിലുണ്ട്.