അമേരിക്കയുമായുള്ള വ്യാപാര താരിഫ് കുറയ്ക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമൊന്നുമല്ലെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു വ്യാപാര കരാറും അന്തിമമാക്കിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ വ്യക്തമാക്കി. വിദേശകാര്യ പാര്‍ലമെന്ററി കമ്മറ്റിയൊണ് ഈ വിവരം അറിയിച്ചത്
ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചുവെന്ന് അടുത്തിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ താത്പര്യങ്ങള്‍ പ്രധാനമന്ത്രി മോദി ബലികഴിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ട്രംപുമായി ചര്‍ച്ചയ്ക്കായി പോയി ഇന്ത്യന്‍ താരിഫ് സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടായില്ല. മോദി ഭരണത്തില്‍ ഇന്ത്യയുടെ താരിഫ് നിര്‍ണ്ണയിക്കുന്നത് വിദേശരാജ്യമാണെന്ന പരിഹാസവും പ്രതിപക്ഷം ഉയര്‍ത്തി. ട്രംപിന്റെ വെളിപ്പെടുത്തലില്‍ പാര്‍ലമെന്ററി പാനലിലെ അംഗങ്ങളും ആശങ്ക ഉന്നയിച്ചു. ഇതോടെയാണ് വാണിജ്യ സെക്രട്ടറി വിശദീകരണവുമായി എത്തിയത്. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലെ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കേണ്ടതില്ല. യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുമെന്നും ഇരു രാജ്യങ്ങള്‍ക്കും നേട്ടമുള്ള ഒരു അന്തിമ കരാറിലെത്താനാകുമെന്നും ബര്‍ത്ത്വാള്‍ പറഞ്ഞു.
ഇന്ത്യ സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്ന രാജ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉദാരവല്‍ക്കരണമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വ്യാപാര വികാസത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, താരിഫില്‍ ഏകപക്ഷീയമായി ആരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നില്ലെന്നും ബര്ത്വാള് വിശദീകരിച്ചു.
‘ഇന്ത്യ വിവേചനരഹിതമായി ഒരിക്കലും താരിഫ് കുറയ്ക്കില്ല, ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായ മേഖലകളില്‍ തീര്‍ച്ചയായും ദേശീയ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഇതില്‍ ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. അല്ലാതെ ബഹുമുഖമായ താരിഫ് ചര്‍ച്ചകളല്ല.’ ബര്‍ത്ത്വാള്‍ കമ്മിറ്റിയെ അറിയിച്ചു.
യുഎസ് താരിഫ് നയങ്ങളെ സജീവമായി വെല്ലുവിളിച്ച കാനഡയുമായും മെക്സിക്കോയടേയും സാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. യുഎസുമായുള്ള സുരക്ഷ, അതിര്‍ത്തി കുടിയേറ്റ ആശങ്കകള്‍ അതില്‍ വലിയ ഘടകമാണെന്നും ബര്‍ത്ത്വാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കും യു എസിനും ‘പരസ്പരം പ്രയോജനകരമായ’ ഒരു വ്യാപാര കരാറില്‍ മാത്രമേ ഇന്ത്യ ഒപ്പുവെക്കുകയുള്ളൂവെന്ന് അദ്ദേഹം കമ്മിറ്റിക്ക് ഉറപ്പു നല്കി