ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ധനമന്ത്രി പി ചിദംബരം. എന്തിനെക്കുറിച്ച് ചോദിച്ചാലും ‘വിവരങ്ങള്‍ ലഭ്യമല്ല’ എന്നതാണ് സര്‍ക്കാരിന്‍റെ മറുപടി. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍ ഗവണ്‍മെന്‍റ് ആണെന്ന് അദ്ദേഹം പരിഹസിച്ചു.
കൊവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ മരിച്ചവർ എത്രയെന്നതിന് കണക്കില്ല, നദികളിൽ ഒഴുകിനടന്ന മൃതദേഹങ്ങൾക്ക് കണക്കില്ല, നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ എത്രയെന്ന് ആര്‍ക്കും അറിയില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ആരോപണത്തിന്‍റെ അടിസ്ഥാനമെന്ത് എന്നതിനും മറുപടിയില്ല. കേന്ദ്രസർക്കാരിന്‍റെ കയ്യിൽ ഒന്നിന്‍റെയും വിവരങ്ങളില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് മോദി സര്‍ക്കാരിന്‍റെ ബജറ്റ്. അതിനാലാണ് പുതിയ പ്രഖ്യാപനങ്ങള്‍ ആരും ഗൌരവത്തിലെടുക്കാത്തതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യത്തെ പാവപ്പെട്ടവരെ മറന്ന ബജറ്റാണിത്. എന്നാല്‍ രാജ്യത്തെ പാവപ്പെട്ട ജനവിഭാഗം ഇത് മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രത്തിനെതിരെ മുന്‍ ധനമന്ത്രിയുടെ രൂക്ഷവിമർശനം.