തരൂരിനെ പേടി; സംവാദ പരിപാടിയില്‍ നിന്ന് പിന്മാറി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി

Jaihind Webdesk
Tuesday, April 2, 2024

 

തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ പങ്കെടുത്ത സംവാദ പരിപാടിയിൽ നിന്ന് പിന്മാറി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ച പോൾ എക്‌സേഞ്ച് എന്ന സംവാദ പരിപാടിയിൽ നിന്നാണ് തരൂരിനോട് നേർക്കുനേർ വരാതെ എൻഡിഎ സ്ഥാനാർത്ഥി ഒഴിഞ്ഞുമാറിയത്.

ബിജെപിയുടെ മത്സരത്തിന് കേരളത്തിൽ ഒരിടത്തും പ്രസക്തിയില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇക്കുറിയും ബിജെപി അക്കൗണ്ട് തുറക്കില്ല. യുഡിഎഫും എൽഡിഎഫും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തരൂർ വെറുതേവിട്ടില്ല. ബിജെപി രണ്ടക്കം നേടുകയാണെങ്കിൽ ആ രണ്ടക്കവും പൂജ്യം ആയിരിക്കുമെന്നായിരുന്നു ശശി തരൂരിന്‍റെ തിരിച്ചടി.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ സംവാദ പരിപാടിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഒളിച്ചോട്ടം ഇതിനോടകം ചർച്ചയായിട്ടുണ്ട്. തരൂരിനോട് പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥിയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റ് കാരണങ്ങൾ പറഞ്ഞ് അവസാന നിമിഷം രാജീവ് ചന്ദ്രശേഖർ ഒഴിയുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ശശി തരൂർ ഉൾപ്പെട്ട സംവാദ പരിപാടികളിൽ പങ്കെടുക്കാൻ പലർക്കും പേടിയാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു. ബിജെപിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കുന്ന സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിക്കഴിഞ്ഞു.