ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമെന്ന് ഡൽഹി പൊലീസ്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണം അസ്വഭാവികമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതുടർന്ന് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ഏപ്രിൽ 16നാണ് രോഹിത് തിവാരി മരിച്ചത്. മൂക്കിൽ നിന്ന് രക്തം വന്ന നിലയിൽ ഡൽഹി ഡിഫൻസ് കോളനിയിലെ വസതിയിൽ കണ്ടെത്തിയ രോഹിത്തിനെ ഭാര്യ അപൂർവ, സാകേതിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു പ്രാഥമിക നിഗനം. ബലം പ്രയോഗിച്ചു ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത വ്യക്തമാക്കി.
എൻ.ഡി. തിവാരിയാണ് തന്റെ പിതാവ് എന്ന് അംഗീകരിച്ചുകിട്ടാനായി ആറ് വർഷം രോഹിത്ത് നടത്തിയ നിയമ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ ഡി.എൻ.എ പരിശോധനയിൽ തിവാരിയാണ് രോഹിതിന്റെ പിതാവെന്ന് തെളിഞ്ഞതോടെ 2014ലാണ് രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിച്ചത്. മുൻ കേന്ദ്രമന്ത്രി ഷേർ സിംഗിന്റെ മകൾ ഉജ്ജ്വല ശർമ്മയാണ് രോഹിതിന്റെ അമ്മ. 2018ലാണ് എൻ.ഡി തിവാരി മരിച്ചത്.