സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി; എന്‍‌സിപിക്കും തൃണമൂലിനും നഷ്ടം; ആം ആദ്മി ദേശീയ പാര്‍ട്ടി

Jaihind Webdesk
Monday, April 10, 2023

 

ന്യൂഡൽഹി: സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും ഇല്ലാതായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശരദ് പവാറിന്‍റെ എൻസിപി, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കും ദേശീയ പാർട്ടി പദവി നഷ്ടമായി. അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു.

2014, 2019 വർഷങ്ങളിലെ സീറ്റു നിലയും വോട്ടു ശതമാനവും പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പട്ടിക പുറത്തുവിട്ടത്. ഇനി കേരളത്തിലും മണിപ്പൂരിലും തമിഴ്നാട്ടിലും സിപിഐ സംസ്ഥാന പാർട്ടിയായി തുടരും. എൻസിപിയുടെയും തൃണമൂലിന്‍റെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം കണക്കിലെടുത്ത് നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലും സംസ്ഥാന പാർട്ടി പദവി നൽകി. നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത എന്നിവയ്ക്കും സംസ്ഥാന പാർട്ടി പദവി ലഭിച്ചു.

ഡൽഹി, ഗോവ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്. നിലവിൽ ബിജെപി, കോൺഗ്രസ്, ബിഎസ്പി, എൻപിപി, സിപിഎം, എഎപി എന്നിവയാണ് ദേശീയ പാർട്ടികൾ.