എന്‍സിപി എല്‍ഡിഎഫ് വിടാനുള്ള സാധ്യത ഏറുന്നു ; പാലാ വിട്ടുകൊടുക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം ; ശരദ് പവാര്‍ കേരളത്തിലേക്ക്

 

ന്യൂഡല്‍ഹി : പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. സീറ്റ് വിട്ടുകൊടുത്തുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടെന്നും തീരുമാനം. എന്‍സിപി എല്‍ഡിഎഫ് വിടാനുള്ള സാധ്യത ഏറുന്നു. ശരദ് പവാര്‍ കേരളത്തിലേക്ക്.

പാലാ ഉൾപ്പെടെ 4 സീറ്റുകളും വിട്ടുകൊടുത്തുള്ള ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ശരദ് പവാർ അറിയിച്ചതായി ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.  തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടം ഉണ്ടാക്കി എന്ന് കരുതുന്നില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. പാലയിൽ എൻസിപി തന്നെ മത്സരിക്കും എന്ന് മാണി.സി.കാപ്പനും പ്രതികരിച്ചു. ദേശീയ തലത്തിൽ യു പി എ യുടെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമാകണം എന്ന എൻസിപി കേന്ദ്രനേതൃത്വത്തിന്‍റെ  നിലപാടും പീതാംബരൻ മാസ്റ്റർ പക്ഷത്തിന് അനുകൂലമായി.

ഇതോടെ എ. കെ  ശശീന്ദ്രൻ എൻസിപിക്ക് പുറത്തുപോകുമെന്ന്  ഉറപ്പായി. ഇന്നലെ പവാറിനെ കണ്ട  ശശീന്ദ്രൻ എൻസിപി ഇടത് മുന്നണിയിൽ തുടരണമെന്നാണ് ആവശ്യപ്പെട്ടത്. 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്നാണ് ശശീന്ദ്രന്‍റെ അവകാശവാദം. അതിനിടെ കടന്നപ്പള്ളി രാമചന്ദ്രൻ എ.കെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്തു.

Comments (0)
Add Comment