ജോയിക്കായി നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു; ദൗത്യം അതിസങ്കീർണ്ണം

Jaihind Webdesk
Monday, July 15, 2024

 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്‍റെ മാലിന്യക്കൂമ്പാരത്തില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള അതിസങ്കീർണ്ണമായ രക്ഷാദൗത്യം തുടരുകയാണ്. നാവികസേനയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രധാനമായും തിരച്ചിൽ തുടരുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ നാവികസേനയുടെ ആറംഗ സംഘം ഇവിടെ രക്ഷാ ദൗത്യം നടത്തിവന്ന സംഘങ്ങളുമായി വിവിധ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഇതിനു ശേഷമാണ് സംയുക്ത രക്ഷാപ്രവർത്ത ദൗത്യം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഫയർ ഫോഴ്സിന്‍റെ സ്കൂബാ ടീം റെയിൽവേ സ്റ്റേഷനിലെ വിവിധ മാൻഹോളുകൾ വഴി ടണലിൽ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അതിനു പുറമേ ടണലിലേക്ക് വെള്ളം പമ്പ് ചെയ്തും തടഞ്ഞു നിർത്തിയും തുറന്നു വിട്ടുമൊക്കെ തിരച്ചിൽ തുടർന്നിരുന്നു. നേവിയുടെ അതിവിദഗ്ധരായ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് സങ്കീർണമായ സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്കൂബാ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ട്. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത. മൂന്നാമത്തെ പ്ലാറ്റ്ഫോമിനു സമീപമായുള്ള ടണലിലാണ് നാവികസേനാ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി 9 മണിക്ക് ശേഷം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ശുചീകരണ തൊഴിലാളി ജോയി ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ അകപ്പെട്ട് കാണാതായത്.