അഭിരാമി ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്‍റ്; ബൂത്ത് കമ്മിറ്റി പ്രസിഡന്‍റായി 19കാരന്‍

Jaihind Webdesk
Monday, October 4, 2021

 

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ച് താഴേതട്ടില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായി 19 കാരിയായ അഭിരാമി.  19 കാരനായ നവനീത് ഷാജിയെ ബൂത്ത് കമ്മിറ്റി പ്രസിഡന്‍റായും നിയോഗിച്ചു.

ആലപ്പുഴ ജില്ലയിലെ വയലാർ ബ്ലോക്കിലെ പട്ടണക്കാട് മണ്ഡലം 21-ാം നമ്പർ ബൂത്തിലെ കോൺഗ്രസ് യൂണിറ്റായ (CUC-4) വന്ദേമാതരം യൂണിറ്റ് കമ്മിറ്റി പ്രസിഡന്‍റായാണ് അഭിരാമി നിയമിക്കപ്പെട്ടത്. പളളിപ്പുറം എന്‍എസ്എസ് കോളേജിൽ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിനിയാണ് ഈ 19 കാരി. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് സുജിതാ ദിലീപിന്‍റെ ബൂത്തിലാണ് അഭിരാമി യൂണിറ്റ് പ്രസിഡന്‍റായത്.

കണ്ണൂർ പയ്യന്നൂരിലെ ഏറ്റവും പ്രായം കുറഞ്ഞ ബൂത്ത് കമ്മിറ്റി പ്രസിഡന്‍റാണ് നവനീത് ഷാജി. പയ്യന്നൂർ മണ്ഡലത്തിലെ 38-ാം വാർഡിലെ 83-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്‍റായാണ് 19 കാരനായ നവനീതിനെ തെരഞ്ഞെടുത്തത്. പയ്യന്നൂർ കോളേജില്‍ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നവനീത്.

സെപ്റ്റംബര്‍ 30 നാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ  സംസ്ഥാനതല ഉദ്ഘാടനം  പാലക്കാട് കരിമ്പുഴയിലെ അറ്റശേരിയില്‍ കെപിസിസി പ്രസിഡന്‍റ് നിര്‍വഹിച്ചത്. പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കി ശക്തിപ്പെടുത്തുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം യൂണിറ്റ് കമ്മിറ്റികള്‍ തുടങ്ങുക എന്നതാണ് ലക്ഷ്യം.