കോഴിക്കോട്: മുഖ്യമന്ത്രിയുടെ സഞ്ചാരം ഗുണ്ടകളുടെ അകമ്പടിയോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ജനങ്ങളുടെ ചിലവില്‍ നടത്തിയ രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി നവകേരള സദസ് ഉപയോഗപ്പെടുത്തിയത്. പ്രതിപക്ഷ സമരങ്ങളോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ സഞ്ചാരം ഗുണ്ടകളുടെ അകമ്പടിയോടെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തിരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം കോണ്‍ഗ്രസ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ സമരത്തോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നവകേരള യാത്രയുടെ ഫലം എന്താണെന്ന് മുഖ്യമന്ത്രി പറയണം. ഏതൊക്കെ പ്രശ്‌നങ്ങളാണ് പരിഹരിച്ചത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. നാടു മുടിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസുകാർക്ക് പുറമെ ഗുണ്ടാസംഘങ്ങളെയും കൊണ്ടാണ് മുഖ്യമന്ത്രി നാടു ചുറ്റിയത്. ഇത് പോലീസിനെയും അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിങ്കൊടി കണ്ടാല്‍ പോലും അപായപ്പെടുത്താനാണെന്ന് വിലപിക്കുന്ന ഏറ്റവും വലിയ ഭീരുവാണ് മുഖ്യമന്ത്രി. നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ബിജെപിയുമായി പരസ്പര സഹകരണത്തിലാണ് മുഖ്യമന്ത്രി. നേതാക്കള്‍ ക്രിസ്ത്യന്‍ സഹോദരന്മാരെ തേടി കേക്ക് മായി ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വെച്ചാണെന്നും ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയാണ് അവര്‍ എന്ന തിരിച്ചറിവ് ക്രൈസ്തവര്‍ക്ക് ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.