വയനാട് ലോക്സഭാ മണ്ഡലത്തെ ഇളക്കിമറിച്ച് സിദ്ദുവിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം

Jaihind Webdesk
Friday, April 19, 2019

Navjot-Singh-Sidhu

തിരുവമ്പാടി നിയോജക മണ്ഡലത്തെ ആവേശത്തിലാക്കി പഞ്ചാബ് കായികമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്‍റെ പര്യടനം. കേന്ദ്ര സർക്കാരിനെതിരെ ചാട്ടുളി പോലുള്ള സിദ്ദുവിന്‍റെ പ്രസംഗത്തെ കരാഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

പ്രവർത്തകരിൽ ആവേശത്തിന്‍റെ അലയടികൾ തീർത്തുകൊണ്ടാണ് നവജോത് സിംഗ് സിദ്ദു വയനാട് ലോക്സഭാ മണ്ഡലത്തിൽ പര്യടനം നടത്തിയത്. നിലമ്പൂരിലേയും, എടവണ്ണയിലേയും പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം സമാപന വേദിയായ തിരുവമ്പാടിയിലെ പന്നിക്കോടിലേക്ക് തിരിച്ചു. മലപ്പുറം ജില്ലാ അതിർത്തിയായ വാലില്ലാപുഴയിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു സിദ്ദുവിനെ പ്രവർത്തകർ സ്വീകരിച്ചത്. രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കാണാൻ റോഡ് വക്കിൽ നൂറുകണക്കിന് ജനങ്ങളാണ് കാത്തുനിന്നത്.

കേന്ദ്ര സർക്കാരിനേയും മോദിയേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു നവജ്യോത സിംഗ് സിദ്ദുവിന്‍റെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്നുളള അദ്ദേഹത്തിന്‍റെ പ്രസംഗം ജനങ്ങൾ ഏറ്റുചൊല്ലി. 5 വർഷം കൊണ്ട് 50 വർഷത്തെ വികസനം വയനാട്ടിൽ ഉണ്ടാകും. ഒരു കാലത്തും മോദിയെക്കൊണ്ട് സത്യം പറയാൻ സാധിക്കില്ലെന്നും പെരും കള്ളൻമാരുടെ കാവൽക്കാരന്മാരെ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികമായാൽ നന്ദി പറയാൻ ഇതേ മണ്ണിൽ താൻ വീണ്ടും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.