KERALA GOVERNMENT| നവകേരള സര്‍വേയില്‍ പാര്‍ട്ടി പങ്കാളിത്തം; രാഷ്ട്രീയ പ്രചാരണം സര്‍ക്കാര്‍ ചെലവില്‍?

Jaihind News Bureau
Monday, November 10, 2025

സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ‘നവകേരള ക്ഷേമ പഠനസര്‍വേ’യുടെ രൂപീകരണത്തിലും നടത്തിപ്പിലും സി.പി.എമ്മിന്റെ നേരിട്ടുള്ള ഇടപെടല്‍ വിവാദമാകുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിക്കുന്ന ജില്ലാ, നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിലുള്ള സമിതികളിലേക്ക് ആവശ്യമുള്ളവരെ പാര്‍ട്ടി തന്നെ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം. സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ക്ക് കുറിപ്പ് അയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പി.ആര്‍. വകുപ്പ് ഒക്ടോബര്‍ 10-ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് (132025) പ്രകാരമാണ് സര്‍വേ സമിതികള്‍ രൂപീകരിക്കുന്നത്. എന്നാല്‍, പഞ്ചായത്തുതലത്തില്‍ ആവശ്യമുള്ള മൂന്നംഗ സമിതിയുടെ ഘടനയും അംഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേശിക്കുന്നത് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ ചിറ്റ് നമ്പര്‍ 63-2025 ആണ്. ഈ പാര്‍ട്ടി രേഖ പ്രകാരം, പഞ്ചായത്തുതല സമിതിയിലേക്ക് എല്‍.ഡി.എഫ്. അനുഭാവമുള്ളവരും സന്നദ്ധതയുള്ളവരും വിരമിച്ചവരോ പ്രവാസികളോ ആയ രണ്ട് പേരെയും ഒരു സര്‍ക്കാര്‍ ജീവനക്കാരനെയുമാണ് നിശ്ചയിക്കേണ്ടത്. സമാനമായി, നിയമസഭാ മണ്ഡലംതല, ജില്ലാതല സമിതികളിലേക്കും വിരമിച്ച എല്‍.ഡി.എഫ്. അനുഭാവികളെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഈ മൂന്നു തലങ്ങളിലെയും അംഗങ്ങളെ നിശ്ചയിക്കേണ്ടവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറിമാര്‍ പാര്‍ട്ടി സെന്ററിന് നല്‍കണമെന്നാണ് സി.പി.എം. സെക്രട്ടറിയുടെ നിര്‍ദേശം.

സര്‍ക്കാരിന്റെ ഒരു പദ്ധതി പാര്‍ട്ടി സംവിധാനം വഴി ഇത്തരത്തില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന ഉപദേശക സമിതിയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍വേയുടെ കാലാള്‍പ്പടയായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സന്നദ്ധ സേനയിലേക്കുള്ള ആളുകളെയും പാര്‍ട്ടി തന്നെയാണ് കണ്ടെത്തി നല്‍കേണ്ടതെന്നും പാര്‍ട്ടി രേഖ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രചാരണ പരിപാടി സര്‍ക്കാര്‍ ചെലവില്‍ ആവിഷ്‌കരിക്കുകയും അതിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി നിശ്ചയിച്ച് നടപ്പാക്കുകയും ചെയ്യുന്ന രീതിയാണു നവകേരള സര്‍വേയിലുള്ളതെന്നാണ് പ്രതിപക്ഷവും മറ്റും ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.