നവകേരള സദസ് നടക്കുന്ന വേദിയുടെ സമീപത്തുളള ഇറച്ചിക്കടകള്‍ മൂടിയിടണം; പ്രതിഷേധം ശക്തം

Jaihind Webdesk
Thursday, December 14, 2023


നവകേരള സദസ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്താണ് സംഭവം. കായംകുളത്ത് നവകേരള സദസ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. നവകേരള സദസ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് അധികൃതരുടെ നിര്‍ദേശം. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇതില്‍ കടുത്ത പ്രതിഷേധവുമായി കച്ചവടക്കാര്‍ രംഗത്തെത്തി. മൂടിയിട്ടാല്‍ എങ്ങനെ കച്ചവടം നടക്കുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. നേരത്തെ കൊച്ചിയിലും സമാനമായ രീതിയില്‍ വേദിയുടെ സമീപത്തെ കടകളില്‍ ഭക്ഷണം പാചകം ചെയ്യരുതെന്ന നിര്‍ദേശം പോലീസ് പുറത്തിറക്കിയിരുന്നു. കായംകുളത്ത് ഇറച്ചിക്കടകള്‍ മൂടിയിട്ടാല്‍ കച്ചവടം നടക്കില്ലെന്നും നിര്‍ദേശം പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.