നവകേരള സദസിന്റെ പേരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി; വിട്ടുനിന്നാല്‍ കുടുംബശ്രീ അംഗങ്ങള്‍ക്കെതിരെ നടപടി

Jaihind Webdesk
Sunday, November 12, 2023


നവകേരള സദസിന്റെ പ്രചാരണ പരിപാടികളില്‍നിന്ന് വിട്ടുനിന്നാല്‍ നടപടിയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം. നവകേരള സദസ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. എഡിഎസ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വൈസ്പ്രസിഡന്റ് ബലരാമന്റെ സന്ദേശമെത്തിയത്. നവകേരള സദസിന് പങ്കെടുക്കുകയും പ്രചാരണത്തിന്റെ ഭാഗമാവുകയും ചെയ്യാത്തവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റര്‍റോളില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെന്നാണ് ഭീഷണി സന്ദേശത്തില്‍ വൈസ് പ്രസിഡന്റ് ബലരാമന്‍ പറയുന്നത്. ഇന്ന് പത്തരയ്ക്ക് നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് ഭീഷണി സന്ദേശം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ വിഎം ബലരാമന്‍. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട് മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും ഇതുസംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നുമാണ് സന്ദേശത്തില്‍ വൈസ് പ്രസിഡന്റ് പറയുന്നത്. ഗൗരവമായ പരിപാടിയാണിതെന്നും പറയുന്നുണ്ട്. ഈ മാസം 24,25,26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. അതേസമയം, അവര്‍ വരണമെന്ന് കരുതി സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും അല്ലാതെ ഉത്തരവൊന്നുമില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.