നവകേരള സദസ്; തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുക്കാത്ത 13 സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിച്ചു

Jaihind Webdesk
Saturday, November 25, 2023

 

കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്തില്‍ നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 13 സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു. സിപിഎം ഭരിക്കുന്ന പടിയൂര്‍ പഞ്ചായത്തിലെ പെരുമണ്ണ് വാര്‍ഡിലാണ് സംഭവം. നവ കേരള സദസിന്റെ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് പഞ്ചായത്ത് കഴിഞ്ഞ 19ന് വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളിക ളുടെ യോഗം നടത്തിയിരുന്നു. ഈ യോഗത്തില്‍ തന്നെ അടുത്ത
തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള മസ്റ്റ് റോള്‍ തയാറാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രൊജക്ട് യോഗവും നടത്തി. നവകേരള സദസുമായി ബന്ധപ്പെട്ട യോഗമാണെന്ന് അറിയിച്ചതിനാല്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. സാധാരണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രൊജക്ട് യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ടത് വാര്‍ഡ് അംഗം ആണെങ്കിലും കോണ്‍ഗ്രസ് നേതാവ് കൂടിയായ അംഗം ആര്‍.രാജനെ പങ്കെടുപ്പിക്കാതെയാണ് യോഗം നടത്തിയത്. യോഗത്തില്‍ പങ്കെടുക്കാതിരുന്ന തൊഴിലാളികള്‍ 22ന് മട്ടന്നൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിലും പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ തൊഴിലിന് എത്തിയ ഇവരോട് മസ്റ്റ് റോളില്‍ പേരില്ലെന്നും നിങ്ങള്‍ക്ക് പണിയില്ലെന്നും അറിയിക്കുകയായിരുന്നു. ബഹളമായതോടെ വാര്‍ഡ് അംഗം ആര്‍.രാജന്‍, ഓവര്‍സിയര്‍ രാഹുല്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതോടെ പണി നിര്‍ത്തിവച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇന്ന് വീണ്ടും പ്രൊജക്ട് യോഗം ചേര്‍ന്ന് ഒഴിവാക്കിയ മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി മസ്റ്റ് റോള്‍ തയാറാക്കുമെന്നും അവര്‍ക്കും തൊഴില്‍ നല്‍കുമെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.