നവകേരള സദസിനായുളള അത്യാധുനിക ബസിന്റെ ആദ്യ സീറ്റ് മുഖ്യമന്ത്രിക്ക്; ബോഡി നിര്‍മ്മാണത്തിന് മാത്രം ചെലവായത് 66 ലക്ഷം

Jaihind Webdesk
Thursday, November 16, 2023


നവകേരള സദസിനായി വാങ്ങിയ അത്യാധുനിക ബെന്‍സ് ബസിലെ ആദ്യ സീറ്റ് മുഖ്യമന്ത്രിക്ക്. ബസിന്റെ ബോഡി നിര്‍മ്മാണത്തിന് മാത്രം ചെലവായത് 66 ലക്ഷം രൂപയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള കെ.എല്‍. 15 റജിസ്‌ട്രേഷനാണ് ബസ്സിന് നല്‍കുന്നത്. നവ കേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിന് ബസ് വാങ്ങാന്‍ ഒരു കോടി 5 ലക്ഷത്തി ഇരുപതിനായിരം രൂപ ട്രഷറി നിയന്ത്രണം മറികടന്ന് അനുവദിച്ചതോടെയാണ് ബസിന്റെ വിവരങ്ങള്‍ ഗതാഗതമന്ത്രിക്ക് തന്നെ പങ്കുവയ്‌ക്കേണ്ടിവന്നത്. എന്നാല്‍, കാരവന്‍ മാതൃകയിലുള്ള സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിട്ടുള്ളത്. 25 സീറ്റുകളില്‍ ഏറ്റവും മുന്നിലുള്ള പ്രത്യേക സീറ്റ് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സീറ്റ് എങ്ങോട്ടുവേണമെങ്കിലും തിരിക്കാവുന്ന ഓട്ടോമാറ്റിക് റിക്ലൈനിങ് സീറ്റാണ്. പിന്നിലുള്ള മന്ത്രിമാരോട് സംസാരിക്കാനാണിത്. ബയോ ടോയ്ലറ്റിന് പുറമേ ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, ആഹാരം കഴിക്കാന്‍ പ്രക്യേക സ്ഥലം , വാഷ് ബെയ്‌സിന്‍ എന്നിവയും ബസിലുണ്ട്. ബസിനായി അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷത്തില്‍ 44 ലക്ഷം രൂപയാണ് ബെന്‍സിന്റെ ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിന് ആണ്. ബസില്‍ മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ രണ്ട് സഹായികളുണ്ട്. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം കെഎസ്ആര്‍ടിസി നല്‍കി. കെ.എസ്.ആര്‍ടിസിയുടെ കെ.എല്‍ 15 രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ബസ് നവകേരള സദസ്സിനു ശേഷം ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.