മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകള്‍ വ്യക്തമായി കാണണം; നവകേരള ബസിന്റെ ചില്ല് മാറ്റി

Jaihind Webdesk
Saturday, November 25, 2023


നവകേരള സദസിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകള്‍മാറ്റി. 1.05 കോടി രൂപ മുടക്കി നിര്‍മിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുമാറ്റിയത്.വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് വര്‍ക്ഷോപ്പില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയത്. 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് ഇവിടെ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാന്‍ സി.പി.എം അനുകൂല യൂണിയനില്‍ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂവെന്നും പറയപ്പെടുന്നു. ബംഗളൂരുവില്‍നിന്ന് ബസ് നിര്‍മിച്ച സ്ഥാപനത്തിലെ ജീവനക്കാര്‍ കോഴിക്കോട്ട് എത്തിയിരുന്നു. ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകള്‍ കാണാന്‍ വ്യക്തതതയില്ലാത്തതിനാലാണ് ചില്ല് മാറ്റിയതെന്നാണ് വിവരം. പുറത്തു നിന്നുളളവര്‍ക്കും മുഖ്യമന്ത്രിയെ വ്യക്തമായി കാണാനാകുന്നില്ലെന്നും അതിനാലാണ് ചില്ല് മാറ്റിയതെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്.