നവകേരള സദസ് തട്ടിപ്പിന്‍റെ പുതിയമുഖം; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം: കെ. സുധാകരന്‍ എംപി

Jaihind Webdesk
Wednesday, November 15, 2023

 

തിരുവനന്തപുരം: സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ് ജനരോഷത്തില്‍ നിന്ന് തടിതപ്പി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് കെപിസിസി പ്രതിസഡന്‍റ് കെ. സുധാകരന്‍ എംപി.

നവകേരള സദസിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ് നടത്തുന്നത്. സാധാരണക്കാരന്‍റെ നിക്ഷേപം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുകവേണമെങ്കിലും നവ കേരള സദസിന് സംഭാവന നല്‍കാന്‍ അനുവാദം നല്‍കുന്ന സഹകരണ വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ക്വാട്ട നിശ്ചയിച്ച് ഫണ്ട് നല്‍കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവ് അതിന് തെളിവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. മൊട്ടുസൂചി വാങ്ങാന്‍ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്ടിച്ച സര്‍ക്കാരിന്‍റെ പിആര്‍ എക്സര്‍സെെസിന്‍റെ ഭാഗമാകേണ്ട ആവശ്യം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലെന്നും അതുകൊണ്ട് നവകേരള സദസുമായി യുഡിഎഫ് ഭരണസമിതികള്‍ സഹകരിക്കുകയോ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവ കേരളസദസിന് വേണ്ടി പണം നല്‍കുകയോയില്ല. അതിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കോടികളുടെ നിക്ഷേപ കൊള്ള നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ നിര്‍മ്മിതിക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കത്തിന്‍റെ പേരില്‍ സഹകരണ സംഘങ്ങളുടെ പണം തട്ടിയെടുക്കാന്‍ ഇതുപോലൊരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. സര്‍ക്കാരിന്‍റെ ആര്‍ഭാടത്തോടെയുള്ള പ്രതിച്ഛായ നിര്‍മ്മിതിക്കാണ് വിവിധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് കെെയ്യിട്ട് വാരുന്നത്. സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സാധാരണക്കാരന്‍റെ നികുതിപ്പണം ഉപയോഗിച്ചല്ല നടത്തേണ്ടതെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.