നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേല മാത്രമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, November 22, 2023

 

കോഴിക്കോട്: നവകേരള സദസ് മുഖം നഷ്ടപ്പെട്ട എൽഡിഎഫ് സർക്കാറിന്‍റെ മുഖം നന്നാക്കാനുള്ള പാഴ്‌വേല മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ വിമർശിക്കുക മാത്രമാണ് മുഖ്യമന്ത്രി നവകേരള സദസില്‍ ചെയ്യുന്നതെന്നും  പാവങ്ങള്‍ക്ക് ഈ ധൂർത്ത് സദസു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും രമേശ്‌ ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

അനധികൃത പിരിവ് നടത്തി പിണറായി സർക്കാർ ധൂർത്ത് നടത്തുകയാണ്. ഉമ്മൻ ചാണ്ടി നടത്തിയ ജന സമ്പർക്ക പരിപാടി പോലെയാണ് നവകേരള സദസ്എന്നാണ് ജനങ്ങളും തങ്ങളും കരുതിയത്. നിവേദനം നൽകാൻ വരുന്ന പാവപ്പെട്ടരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. നവകേരള സദസിന് വരുന്നത് സിപിഎം പാർട്ടി പ്രവർത്തകർ മാത്രമാണ്. ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ഒരു പരിപാടിയാണ് നവകേരള സദസെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

കണ്ണൂർ പഴയങ്ങാടിയിൽ ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധത്തെ നേരിട്ട രീതി ശരിയല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കടന്നതാണെന്നും പിണറായി വിജയൻ പ്രകോപനം ഉണ്ടാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധക്കാർക്ക് എതിരെ നിയമപരമായ നടപടി എടുക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരെയും നോമിനേറ്റ് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിലേക്ക് സിപിഎമ്മിനെ ക്ഷണിക്കില്ല. നാളത്തെ റാലിയില്‍ ശശി തരൂർ  എംപി പങ്കെടുക്കും. മുസ്‌ലിം ലീഗിനെ എൽഡിഎഫിന് കിട്ടുമെന്ന് കരുതേണ്ട. എൽഡിഎഫ് ലീഗിന്‍റെ പിന്നാലെ നടക്കേണ്ടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.