കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കിടെ തലസ്ഥാന ജില്ലയില്‍ നവകേരള സദസിന് കര്‍ശന സുരക്ഷ. പ്രതിഷേധം തടയാന്‍ വഴികളിലുടനീളം പോലീസിനെ വിന്യസിച്ചെങ്കിലും നവകേരള ബസിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധിക്കാന്‍ എത്തിയ നിരവധി പേരെ വിവിധയിടങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് നവകേരള സദസ്സിന് ഒരുക്കിയിരിക്കുന്നത്. സംശയം തോന്നുന്നവരെയെല്ലാം കരുതല്‍ തടങ്കലിലാക്കി. പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആറ്റിങ്ങലിന് അടുത്തുള്ള കോരാണി 18ആം മൈല്‍, ചെമ്പകമംഗലം, പാലമൂട് എന്നിവിടങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനെല്ലാം ഇടയിലും, ചിറയിന്‍കീഴ് മണ്ഡല സദസ്സില്‍ പങ്കെടുക്കാന്‍ പോകവെ കോരാണി 18ആം മൈലില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.