മുഖ്യമന്ത്രിയ്ക്ക് ഇരിക്കാന്‍ 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേര; സര്‍ക്കാരിന്റെ ആവശ്യാനുസാരണം ബസ് വില്‍ക്കാം, നവകേരള ബസ് കാസര്‍കോട്

Jaihind Webdesk
Saturday, November 18, 2023


വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരളയാത്ര ബസ് കാസര്‍കോടെത്തി. ഭാരത് ബെന്‍സിന്റെ ഒ.എഫ് 1624 എന്ന മോഡല്‍ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിര്‍മ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എന്‍ജിനും 380 ലിറ്റര്‍ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്‌സ് ഷോറൂം വില. ഓണ്‍ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിര്‍മ്മാണച്ചെലവ് സൗകര്യങ്ങള്‍ക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകള്‍. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്. 25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സര്‍ക്കാര്‍ അനുവദിച്ചത്. പൂര്‍ണസൗകര്യമുള്ള യാത്രാ ബസാക്കി മാറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏല്‍പ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈല്‍ ഗ്രൂപ്പിനെയാണ്. കര്‍ണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിര്‍മ്മിച്ചത്. കേരളത്തിന്റെ തനത് സാസ്‌കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയില്‍. കെഎസ് ആര്‍ടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വിജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസില്‍ വരുത്തിയിട്ടുണ്ട്. കോണ്‍ട്രാക് ക്യാരേജ് വാഹനങ്ങള്‍ക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസ്സിന് ബിധമകല്ല. മുന്‍നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാന്‍ അനുമതിയുണ്ട്. വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും ജനനേറ്റര്‍ വഴിയോ ഇന്‍വേര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാം. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വണ്ടി വില്‍ക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.