V D Satheesan| നിന്ദ്യമായ പ്രവൃത്തി; നവകേരള സര്‍വേയുടെ മറവില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം; ശക്തമായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Sunday, November 9, 2025

നവകേരള സര്‍വേ എന്ന പേരില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിനും എല്‍.ഡി.എഫിനും വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും സ്‌ക്വാഡ് പ്രവര്‍ത്തനവുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡ് സതീശന്‍. സര്‍ക്കാരിന്റെ ചിലവില്‍ സ്‌ക്വാഡ് രൂപീകരിക്കുന്ന ഈ നടപടിയെ അതിശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം കടത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോവുകയാണ്. കടം വാങ്ങി സംസ്ഥാനം മുടിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടിക്കാരെ വെച്ച് സര്‍ക്കാരിന്റെ ചിലവില്‍ സര്‍വേ നടത്തുന്നത് വളരെ നിന്ദ്യമായ ഒരു ഏര്‍പ്പാടാണ്. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങില്‍ കുട്ടികളെക്കൊണ്ട് ആര്‍.എസ്.എസ്. ഗണഗീതം പാടിപ്പിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ഗണഗീതം പാടാന്‍ കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷിച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ആര്‍.എസ്.എസിന്റെ ഗണഗീതം ആര്‍.എസ്.എസുകാര്‍ പാടിക്കോട്ടെ, പക്ഷേ ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് അട്ടപ്പാടിയില്‍ വീട് തകര്‍ന്നു വീണ് സഹോദരങ്ങള്‍ മരണപ്പെട്ട സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വളരെയധികം അനുഭവിക്കുന്നവരാണ് അട്ടപ്പാടി മേഖലയിലെ ജനങ്ങള്‍. തന്റെ പല സന്ദര്‍ശനങ്ങളിലും ഈ ദുരിതാവസ്ഥ നേരില്‍ കണ്ടിട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.