
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടാനായി പ്രഖ്യാപിച്ച നവകേരള സര്‍വേയുടെ മുഖ്യ നടത്തിപ്പിനായി സിപിഎം പ്രവര്‍ത്തകരെയും ഇടതുപക്ഷ അനുഭാവികളെയും റിക്രൂട്ട് ചെയ്യാന്‍ നീക്കം. സര്‍ക്കാര്‍ ചിലവില്‍ എല്‍.ഡി.എഫിന്റെ സ്‌ക്വാഡ് വര്‍ക്ക് ആയി സര്‍വേയെ മാറ്റാനാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്.
സര്‍വേക്കായി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഈ സര്‍വേയുടെ കര്‍മ്മസേനയെ റിക്രൂട്ട് ചെയ്യുന്നതിന് സിപിഎം നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, സര്‍ക്കാര്‍ സംവിധാനങ്ങളും ഫണ്ടും ഉപയോഗിച്ച് സി.പി.എമ്മിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാല്‍നൂറ്റാണ്ട് മുന്‍കൂട്ടി കണ്ടുള്ള കേരള വികസനത്തിന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനാണ് സര്‍വേ. 80 ലക്ഷം വീടുകളില്‍ സര്‍വേ നടത്താനാണ് പദ്ധതി.
നവകേരള സര്‍വേയുടെ കര്‍മ്മസേനയായി പ്രവര്‍ത്തിക്കുന്നതിനാണ് പാര്‍ട്ടി പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നത്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ്. പഞ്ചായത്ത് വാര്‍ഡുകളില്‍നിന്ന് ആറ് പേരെയും നഗരസഭാ വാര്‍ഡുകളില്‍നിന്ന് എട്ട് പേരെയും ഉള്‍പ്പെടുത്തിയാണ് വാര്‍ഡ് തല കര്‍മസേനയെ തിരഞ്ഞെടുക്കുക. തദ്ദേശ സ്ഥാപന തലത്തില്‍ ഒരു ഉദ്യോഗസ്ഥനും രണ്ട് സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടീമിനെ നിയോഗിക്കും. ഈ ടീമിനെ നിശ്ചയിക്കേണ്ടതും ബന്ധപ്പെട്ട പാര്‍ട്ടി ഘടകമായിരിക്കും.