‘നവ് സങ്കല്‍പ്പ് ചിന്തന്‍ ശിവിർ’ ഇന്ന് കൊടിയിറങ്ങും : വൈകിട്ട് 3.30 ന് ഉദയ്പൂർ പ്രഖ്യാപനം

Jaihind Webdesk
Sunday, May 15, 2022

ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്‍റെ ‘നവ സങ്കല്‍പ്പ്  ചിന്തൻ ശിവിർ  ഇന്ന് സമാപിക്കും. കോൺഗ്രസ്  പ്രവർത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് 3.30 ന്  ചിന്തൻ ശിവിറിലെ ഉദയ്പൂർ പ്രഖ്യാപനം ഉണ്ടാകും. സംഘടനയെ അടിമുടി മാറ്റുന്ന നിർദേശങ്ങൾ പ്രഖ്യാപനത്തിൽ ഉണ്ടായേക്കും.

ആറ് സമിതികളായി തിരിഞ്ഞുള്ള ചർച്ചകൾ ഇന്നലെ അവസാനിച്ചതോടെ പ്രമേയങ്ങൾ പ്രവർത്തക സമിതി പരിഗണിക്കും. 11 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉൾപ്പെടുത്തിയും അവസാന ഘട്ട പ്രമേത്തിലേക്കു എത്തും.

പ്രവർത്തക സമിതിയിലെ ചർച്ചകൾക്ക് ശേഷം രാഹുൽ ഗാന്ധി പ്രസംഗിക്കും. പ്രമേയം പ്രവർത്തക സമിതി പരിഗണിക്കുന്നതിന് മുമ്പ് ആറ് കൺവീനർമാരുമായും സോണിയാ ഗാന്ധി ചർച്ച നടത്തും. ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വത്തെ നേരിടാനുള്ള ചർച്ചയിൽ സമവായമാകാത്തതിനാൽ അന്തിമ തീരുമാനത്തിനായി പ്രവർത്തക സമിതിക്ക് വിട്ടിരിക്കുകയാണ്.