കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ പറഞ്ഞ ഭർത്താവ് ജീവനോടെയുണ്ട്! നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയില്‍ നിന്ന്; കേസില്‍ വന്‍ വഴിത്തിരിവ്

Jaihind Webdesk
Friday, July 28, 2023

 

പത്തനംതിട്ട: കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ പറഞ്ഞ ഭർത്താവ് ജീവനോടെ തിരിച്ചെത്തി. പത്തനംതിട്ടയില്‍ നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെയാണ് (36) തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയത്. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. തൊടുപുഴ പോലീസാണ് നൗഷാദിനെ കണ്ടെത്തിയത്.  ഇടുക്കി തൊമ്മൻകുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് റബർ തോട്ടത്തില്‍ ജോലിക്കാരനായി കഴിയുകയായാരുന്നു ഇയാള്‍.

നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കിയിരുന്നു.  അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊന്ന് കുഴിച്ചുമൂടിയതായി മൊഴി നൽകിയത്. അടൂരില്‍ വെച്ച് അടുത്തകാലത്ത് നൗഷാദിനെ കണ്ടതായി അഫ്സാന പോലീസിനോട് പറഞ്ഞു. നൗഷാദിനെ കണ്ടെന്ന് പറയുന്ന സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അഫ്സാനയെ കൂടുതല്‍ ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന സമ്മതിച്ചതെന്നാണ് പോലീസ് പറഞ്ഞന്നത്. എന്നാല്‍ നിരന്തരമായി മൊഴി മാറ്റിപ്പറഞ്ഞതോടെ ഇവരുടെ നിലപാടില്‍ പോലീസിന് സംശയം തോന്നി. മൃതദേഹം കുഴിച്ചുമൂടിയെന്ന് ആദ്യം പറഞ്ഞ ഇവര്‍ പിന്നീട് ആറ്റിലെറിഞ്ഞെന്ന് മൊഴി മാറ്റി.  ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ അഫ്സാന വീണ്ടും മൊഴി മാറ്റി. സുഹൃത്തിന്‍റെ സഹായത്തോടെ മൃതദേഹം പെട്ടി ഓട്ടോയിൽ കൊണ്ടുപോയെന്നായിരുന്നു മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു.  അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.

നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ പിതാവ് സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാനയുടെ മൊഴി കണക്കിലെടുത്ത് ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടകവീടിന്‍റെ പരിസരത്ത് അഞ്ചു മണിക്കൂറോളം പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം നൗഷാദിനെ ജീവനോടെ കണ്ടെത്തിയെങ്കിലും കേസിലെ ദുരൂഹത ഏറുകയാണ്. അഫ്സാന മൊഴി മാറ്റിപ്പറഞ്ഞത് എന്തിനാണെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്.