രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

Jaihind Webdesk
Sunday, March 27, 2022

 

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്. മാര്‍ച്ച് 27 ന് രാത്രി 12 മുതല്‍ 29 ന് രാത്രി 12 വരെയാണ് പണിമുടക്ക്.

മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര, സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കില്‍ പങ്കുചേരും.

ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ്. വൈദ്യുതി പ്രസരണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി തടസം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പരില്‍ പരാതിപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പർ : 0471- 2448948, 9446008825.

കെഎസ്ആര്‍ടിസി അവശ്യ സർവീസുകളും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തും. പോലീസ് സഹായത്തോടെപ്രധാന റൂട്ടുകളിലും സര്‍വീസുണ്ടാകും. സര്‍വീസുകള്‍ സബന്ധിച്ച വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും: www.keralartc.com | online.keralartc.com | 0471 2463799, 9447071021, 1800 599 4011.