
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയുടെ (Special Intensive Revision – SIR) രണ്ടാം ഘട്ടം കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (CEC) ജ്ഞാനേഷ് കുമാര്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണ്ണായകമായ പ്രഖ്യാപനം. ബീഹാറിലെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി തിരഞ്ഞെടുപ്പു കമ്മിഷണര്‍ അവകാശപ്പെട്ടു. ബീഹാറിലെ വോട്ടര്‍മാരുടെ പങ്കാളിത്തം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക തീവ്ര സൂക്ഷ്മപരിശോധനയുടെ (SIR) രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കും. SIR നടത്തുന്ന സംസ്ഥാനങ്ങളില്‍, വോട്ടര്‍ പട്ടിക ഇന്ന് രാത്രി അര്‍ദ്ധരാത്രി മുതല്‍ മരവിപ്പിക്കും. പിന്നീട്, വോട്ടര്‍മാര്‍ക്ക് എല്ലാ വിവരങ്ങളുമുള്ള എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കും. യോഗ്യതയുള്ള ഒരു വോട്ടറെയും ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്ത ഒരു വോട്ടറെയും പട്ടികയില്‍ നിലനിര്‍ത്തുന്നില്ലെന്നും ഉറപ്പാക്കുകയാണ് SIRന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യാനന്തരമുള്ള ഒമ്പതാമത്തെ പ്രത്യേക തീവ്ര പരിശോധനയാണ് നടത്തുന്നത്. 1951 നും 2004 നും ഇടയില്‍ രാജ്യം മുമ്പ് എട്ട് തവണ എസ് ഐ ആര്‍ നടത്തിയിരുന്നു. ഇതിനു മുമ്പ് 21 വര്‍ഷം മുമ്പ്, 2002 നും 2004 നും ഇടയിലാണ് നടന്നത്.