ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍ ; കേരളമുള്‍പ്പടെ രാജ്യമെങ്ങും വലവിരിച്ച് എന്‍.ഐ.എ

Tuesday, October 12, 2021

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് പാകിസ്താന്‍ ഭീകരന്‍ പിടിയില്‍. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കിന് സമീപത്തുനിന്നാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇയാളെ  പിടികൂടിയത്. വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഭീകരന്‍ ഇന്ത്യയില്‍ താമസിച്ചിരുന്നത്. നവരാത്രി ദിനത്തില്‍ സ്‌ഫോടനം നടത്തലായിരുന്നു ലക്ഷ്യം. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.

കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തുകയാണ്. ഉത്തരേന്ത്യയില്‍ മാത്രം 18 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, യു.പി, കശ്മീര്‍ എന്നിവിടങ്ങളാണ് പ്രധാനമായും എന്‍.ഐ.എ ലക്ഷ്യമിടുന്നത്  . ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ തേടിയാണ് ഉത്തരേന്ത്യയില്‍ റെയ്ഡ് നടക്കുന്നത്.ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്ക് സഹായം നല്‍കുന്നവരെയാണ് തേടുന്നത്.

കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്‌നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്. പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡില്‍ കേരളത്തില്‍ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.