കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ നിരോധനാജ്ഞ

Jaihind Webdesk
Friday, August 5, 2022

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പ്രതിഷേധം. അതേസമയം പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയെ ഡൽഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തർ മന്തർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനം പോലീസ് വളഞ്ഞ നിലയിലാണ്.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യവ്യാപക പ്രതിഷേധം. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയും പ്രതിഷേധം ഉയരുന്നു.

രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എം.പിമാർ മാർച്ച് നടത്തും. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കും. വിജയ് ചൗക്കിൽനിന്നാണ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നത്. എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.  മാർച്ചില്‍ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. അതേസമയം മാർച്ചുകള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചു. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ രാജ്ഭവനിലേക്ക് മാർച്ച് നടക്കും. ശക്തമായ മഴയും മോശം കാലാവസ്ഥയും കാരണമാണ് തുടർന്നാണ് കേരളത്തിലെ സമരം മാറ്റിവെച്ചത്.