സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി; മോദി സർക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം

Jaihind Webdesk
Tuesday, July 26, 2022

തിരുവനന്തപുരം: മോദി സർക്കാർ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ പ്രതികാരത്തിനെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തുകയാണ്. രാജ് ഘട്ടിൽ സത്യഗ്രഹം നടത്താനായിരുന്നു പദ്ധതിയെങ്കിലും ഡല്‍ഹി പോലീസ് അനുമതി നൽകിയില്ല. ആ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കും.ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഗാന്ധി പാർക്കില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു.

കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, യുഡിഎഫ്‌ കൺവീനർ എം.എം ഹസൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, നേതാക്കൾ, മണ്ഡലം തലം വരെയുള്ള പാർട്ടി ഭാരവാഹികൾ, പോഷകസംഘടനാ നേതാക്കൾ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, കൗൺസിലർമാർ, സഹകരണസംഘം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുക്കും. രാജ്യത്തെമ്പാടും ഇന്ന് പ്രതിഷേധിക്കാൻ എഐസിസി ആഹ്വാനം ചെയ്തിട്ടുണ്ട്.

ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കഴിഞ്ഞ ആഴ്ച ഇഡി രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.  അനാരോഗ്യം പോലും പരിഗണിക്കാതെ സോണിയാ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് കൊടുത്തിരിക്കുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയെ 55 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്കും നോട്ടീസ് നല്‍കിയത്.