പത്തനംതിട്ട: ഒറ്റപ്പെട്ട മാളികപ്പുറത്ത് അമ്മയ്ക്ക് കൈത്താങ്ങായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ശബരിമല ഹെൽപ്പ് ഡെസ്ക്. തൃശൂർ ജില്ലയിലെ ആളൂരിൽ നിന്നും ശബരിമല അയ്യപ്പ ദർശനത്തിനായി പുറപ്പെട്ട വിധവയായ മാളികപ്പുറത്ത് അമ്മ അയ്യപ്പദർശനം കഴിഞ്ഞ് പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മോഷ്ടാക്കൾ കൈവശം ഉണ്ടായിരുന്ന പണം അപഹരിച്ചു കൊണ്ടുപോയി. ഭക്ഷണത്തിനും തിരിച്ച് നാട്ടിലേക്ക് പോകാനുമുള്ള മാർഗ്ഗം ഇല്ലാതിരുന്ന മാളികപ്പുറത്ത് അമ്മയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ KSRTC കോപ്ലക്സിൽ പ്രവർത്തിക്കുന്ന ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ശബരിമല ഹെൽപ്പ് ഡെസ്കിൽ എത്തിച്ചു. നഹാസ് പത്തനംതിട്ട SHO ഷിബു ഡി യെ വിവരങ്ങൾ ധരിപ്പിച്ചു.
അവശയായ മാളികപ്പുറത്ത് അമ്മയ്ക്ക് തിരിച്ച് തൃശൂർ ആളൂർ വീട്ടിലെത്തുവാനുള്ള ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും, വാർഡ് മെമ്പർ രതി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ച് ഹെൽപ്പ് ഡെസ്കിന്‍റെ നേതൃത്വത്തിൽ ചെയ്തു നൽകി. നഹാസ് പത്തനംതിട്ട, DTO തോമസ് മാത്യു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് മുഹമ്മദ് സലീൽ സാലി, അജ്മൽ അലി, കിഷോർ കെ. ആർ, പോലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഹാഷിം, ദീപാ പി. തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.