സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂര്‍ണം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി; കടകമ്പോളങ്ങള്‍ അടഞ്ഞു

Jaihind News Bureau
Thursday, February 12, 2026

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണ്ണമായും സ്തംഭിച്ചു. സംസ്ഥാനത്തുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം മുടങ്ങിയതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ കൂടി സമരത്തില്‍ പങ്കുചേര്‍ന്നതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനങ്ങളില്ലാതെ വലഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വയനാട്ടിലെ ബത്തേരിയിലും മാനന്തവാടിയിലും സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ സമരക്കാര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരം നഗരത്തിലും ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് പോലീസുമായുള്ള വാക്കേറ്റത്തിന് ഇടയാക്കി. എറണാകുളം അങ്കമാലിയില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസ് സമരക്കാര്‍ തടഞ്ഞ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയപ്പിച്ചു. അതേസമയം, കൊച്ചിയില്‍ മെട്രോ സര്‍വീസുകളും ചുരുക്കം ചില ഓണ്‍ലൈന്‍ ടാക്‌സികളും ഓടുന്നത് യാത്രക്കാര്‍ക്ക് നേരിയ ആശ്വാസമായി.

മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പണിമുടക്ക് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. മലപ്പുറത്തെ പ്രധാന ഡിപ്പോകളില്‍ നിന്ന് ഒരു സര്‍വീസും നടന്നില്ല. തൃശൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും പണിമുടക്കില്‍ പങ്കുചേര്‍ന്നു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസിക്ക് പുറമെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സര്‍വീസ് നടത്തിയില്ല. എന്നാല്‍, തമിഴ്‌നാട് അതിര്‍ത്തിയായ പാലക്കാട് ഗോപാലപുരത്ത് പണിമുടക്ക് ബാധിച്ചില്ല. ഇവിടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ സാധാരണ നിലയില്‍ നിരത്തിലിറങ്ങുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാന്‍ പോലീസും വിവിധ സന്നദ്ധ സംഘടനകളും വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും സ്റ്റേഷനില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ‘ഡയസ് നോണ്‍’ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഓഫീസുകളിലും ഹാജര്‍നില വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.