ദേശീയപാത തകര്‍ച്ച: ‘ക്രെഡിറ്റ് എടുക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം’; അഴിമതിയും എന്‍ജിനീയറിങ്ങ് പിഴവുകളുമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Friday, December 5, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയും എന്‍ജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ദേശീയപാത നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്ന ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ ഗര്‍ഡര്‍ ഇളകി വീണ് ഒരാള്‍ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. ഇതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകര്‍ന്നു വീഴുകയും സര്‍വീസ് റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ആളപായം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതാ നിര്‍മ്മാണത്തില്‍ ഗുരുതരമായ അപാകതകളുണ്ടെന്നും ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നിട്ടുണ്ടെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
‘തകരാത്ത പാലത്തെ കളിയാക്കിയവര്‍ മൗനത്തില്‍’

ദേശീയപാത തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നതിനെതിരെ കേരള സര്‍ക്കാര്‍ പ്രതികരിക്കാത്തതിലെ മൗനം പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. ‘ദേശീയപാത നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവരും റീല്‍സ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലത്തെ ‘പഞ്ചവടിപ്പാലം’ എന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോള്‍ ദേശീയപാത തകര്‍ന്നു വീഴുന്നതില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത്. ദേശീയപാതയിലെ അഴിമതി നിര്‍മ്മിതികളാണ് ഓരോ ദിവസവും തകര്‍ന്നു വീഴുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
അടിയന്തര അന്വേഷണം വേണം

ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. എന്‍ജിനീയറിങ്ങ് പിഴവുകള്‍ പരിശോധിക്കാനും അഴിമതി പുറത്തു കൊണ്ടുവരാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.