സംസ്ഥാനത്തിന്റെ വികസനത്തിന്റെ ചിറകരിയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ശ്രീധരന്‍ പിള്ള സാഡിസ്റ്റ്; രൂക്ഷഭാഷയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തില്‍ നിന്ന് ദേശീയ പാത അതോറിറ്റി പിന്‍മാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികള്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പരാതി ഉണ്ടെങ്കില്‍ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ളയുടെ സാഡിസ്റ്റ് മനോഭാവമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് പദ്ധതി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

Comments (0)
Add Comment