രാജ്യത്തിന്‍റെ കരുത്തും ശക്തിയും വിളിച്ചോതി റിപ്പബ്‌ളിക് ദിന പരേഡ്

രാജ്യം എഴുപതാമത് റിപ്പബ്‌ളിക് ദിനം വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്‍റെ കരുത്തും ശക്തിയും വിളിച്ചോതുന്ന പരേഡ് ആണ് ഡല്‍ഹിയില്‍ നടന്നത്. മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ രാമഫോറയെ രാഷ്ട്രപതി സ്വീകരിച്ചു.

കശ്മീരിൽ തീവ്രവാദികളെ നേരിടുന്നതിനിടയിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര പുരസ്കാരം സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ പത്നി അശോക് ചക്ര ഏറ്റുവാങ്ങി.

രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. അട്ടിമറി സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയിലാണ് റിപ്പബ്‌ളിക്ക് ദിനാഘോഷം നടന്നത്. രാജ്യത്തിന്‍റെ ശക്തിയും കരുത്തും വിളിച്ചോതുന്ന സൈനിക പരേഡാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. ജൈവ ഇന്ധനത്തിലായിരിന്നു ഇത്തവണ വ്യോമസേനയുടെ ഐ.എന്‍.എഫ് വിഭാഗത്തില്‍പ്പെട്ട വിമാനം അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. മഹാത്മ ഗാന്ധിയുടെ 150 ആം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് മാർച്ചിൽ അണിനിരന്ന പ്ലോട്ടുകളിൽ ഗാന്ധിയൻ ആശയവും ജീവിതവും നിറഞ്ഞ് നിന്നു. നേരത്തെ, മഹാത്മാഗാന്ധിയും നെല്‍സണ്‍ മണ്ടേലയുമൊത്തുള്ള ചിത്രം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ രാമഫോറയ്ക്ക് രാഷ്ട്രപതി നല്‍കിയിരുന്നു.

വ്യോമസേനയെ പരേഡില്‍ നിയന്ത്രിച്ചവരിൽ ഒരാള്‍ ഫ്‌ളൈംഗ് ഓഫീസറായ കൊല്ലം സ്വദേശിനി രാഖി രാമചന്ദ്രനാണ്. വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സംസ്ഥാനങ്ങളുടേയും മന്ത്രാലയങ്ങളുടേയും നിശ്ചല ദൃശ്യങ്ങൾ പരേഡിനെ വര്‍ണ്ണ ശബളമാക്കി.

പെണ്‍പടയുടെ ശക്തിയിറക്കാന്‍ ആസാം റൈഫില്‍സിന്റെ വനിതാ ബറ്റാലിയന്‍ ആദ്യമായി ഇന്നു നടക്കുന്ന പരേഡില്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് നേടിയ 26 കുട്ടികള്‍ തുറന്ന വാഹനത്തിലായിരിന്നു സഞ്ചരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രിമാരായ ഡോ.മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ ,കേന്ദ്ര മന്ത്രിമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബി ജെ പി അധ്യക്ഷൻ അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങി പ്രമുഖർ ചടങ്ങ് വീക്ഷിക്കാനായെത്തി.

President Ramnath Kovindrepublic day
Comments (0)
Add Comment