‘നടേശൻ കാർഡ്’ ഏറ്റില്ല; പിണറായിയുടെ ‘വെള്ളാപ്പള്ളി കൂട്ടുകെട്ട്’ എൽഡിഎഫിന് കനത്ത പ്രഹരം

Jaihind News Bureau
Tuesday, December 16, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന പൊതുവികാരം സിപിഎമ്മിൽ ശക്തമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ സദാ വർഗീയവും അധിക്ഷേപകരവുമായ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി പങ്കിടുന്നതിലുള്ള പ്രതിഷേധം സിപിഎം അണികളിൽ നിന്നാണ് ഉയർന്നിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ ഈഴവ വോട്ടുകൾ എൽഡിഎഫിലേക്ക് തിരിച്ചെത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലുകൾക്ക് തിരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയേറ്റു.

വെള്ളാപ്പള്ളിയുടെ വർഗീയ-വിഭജന രാഷ്ട്രീയം അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴയിലും, എന്തിന് അദ്ദേഹത്തിന്റെ തറവാട് നിൽക്കുന്ന കണിച്ചുകുളങ്ങരയിൽ പോലും എൽഡിഎഫിന് ഗുണം ചെയ്തില്ല. ആഗോള അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ പാർട്ടി അണികൾക്കിടയിൽപ്പോലും അവമതിപ്പുണ്ടാക്കി. മുസ്ലീം – ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ അംഗീകരിക്കുന്ന തരത്തിലായിരുന്നു പലപ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു കാലത്ത് “മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്” എന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സിപിഎമ്മോ മുഖ്യമന്ത്രിയോ തയ്യാറായില്ല. ഇതിനുള്ള തിരിച്ചടി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടിവന്നു.

വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രത്തിലും കേരളത്തിലുമുള്ള ഭരണക്കാർക്ക് വേണ്ടി സ്തുതി പാടുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. മകൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ ക്യാമ്പിൽ സജീവമായിരിക്കുകയും അച്ഛനായ നടേശൻ ഇടതിന് വേണ്ടി നീക്കങ്ങൾ നടത്തുകയും ചെയ്തത് ഫലം കണ്ടില്ല. തുഷാറിന്റെ പാർട്ടിയായ ബിഡിജെഎസിനും ഈ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുന്നത് തടയാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴയിൽ 23 ഗ്രാമ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തത് ഒരു സർവകാല റെക്കോർഡാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി മലപ്പുറത്ത് മുസ്ലീങ്ങൾക്കെതിരെ നടത്തിയ വർഗീയ പ്രസ്താവനകളുടെ ഫലമായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇടതുപക്ഷത്തിന് ഒരംഗം പോലും ഇല്ലാതായി. 33 ഡിവിഷനുകളിൽ 33-ഉം ജയിച്ച് യുഡിഎഫ് വൻ വിജയം നേടി. നഗരസഭകളിൽ 12-ൽ 11-ഉം യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിനെ ന്യൂനപക്ഷ ഭൂരിപക്ഷ ജനവിഭാഗങ്ങൾ വിശ്വസിക്കാതെ പോയതിന് പ്രധാന കാരണം വെള്ളാപ്പള്ളിയുടെ വർഗീയ നിലപാടുകളാണെന്നാണ് വിലയിരുത്തൽ. തരാതരം പോലെ വർഗീയ കാർഡിറക്കുന്ന പാർട്ടിയുടെ നയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന വിമർശനവും ഉയരുന്നുണ്ട്.