സി.ഒ.ടി നസീര്‍ വധശ്രം: കേസ് അന്വേഷിക്കുന്ന സി.ഐയെ സ്ഥലംമാറ്റി: നടപടി ഷംസീറിന്റെ മൊഴിയെടുക്കാനിരിക്കെ

കണ്ണൂര്‍: വടകരയില്‍ മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐയെ സ്ഥലംമാറ്റി. തലശ്ശേരി സി.ഐ വിശ്വംഭരനെയാണ് സ്ഥലം മാറ്റിയത്. സി.ഐ സനല്‍ കുമാറിനാണ് പകരം ചുമതല. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴി എടുക്കാനിരിക്കെയാണ് സ്ഥലം മാറ്റം.

തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. എം.എൽ.എ.ഓഫീസിൽ വെച്ച് ഷംസീർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീറിന്‍റെ മൊഴിയില്‍ പറയുന്നു. മാത്രമല്ല,ഗൂഢാലോചനയുടെ സൂത്രധാരനായ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി രാഗേഷ് ഷംസീറിന്‍റെ അടുത്ത അനുയായിയാണ്. ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന കാറിലാണ് ഗുഢാലോചന നടന്നതെന്ന് പൊട്ടി സന്തോഷ് മൊഴി നൽകിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഷംസീറിന്‍റെ മൊഴിയെടുക്കൽ പോലീസിന് അനിവാര്യമായത്.

ഗൂഢാലോചനാ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നസീറിന്‍റെ നിലപാട്. അതുകൊണ്ടുതന്നെ ഷംസീറിന്‍റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് പോലീസ്. അതേ സമയം നസീറിനെ അക്രമിക്കാനുള്ള ഗൂഡാലോചന നടന്ന കാറിന്‍റെ ഉടമയായ എ എൻ ഷംസീർ എംഎൽഎയുടെ സഹോദരൻ എ.എൻ.ഷാഹിറിനെ ചോദ്യം ചെയ്യാനൊ കാർ കസ്റ്റഡിയിൽ എടുക്കാനൊ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. അക്രമത്തിൽ പങ്കുള്ള രണ്ട് പ്രതികളെ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അക്രമികൾക്കും ഗൂഢാലോചന നടത്തിയവർക്കും സഹായം നൽകിയവരയൊണ് ഇനിയും കസ്റ്റഡിയിലെടുക്കാൻ ബാക്കിയുള്ളത്.

COT Naseera.n shamseer
Comments (0)
Add Comment