ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ഇന്ത്യ-യുഎസ് സംയുക്ത ബഹിരാകാശ ദൗത്യമായ ‘നിസാര്‍’ ഉപഗ്രഹം ഒടുവില്‍ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് കാര്യമായ കാലതാമസം നേരിട്ട പദ്ധതി, ഈ മാസം 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയരും. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി-എഫ്16 ആണ് നിസാറിനെ ബഹിരാകാശത്ത് എത്തിക്കുക.
11 വര്‍ഷത്തെ കാത്തിരിപ്പ്; വൈകിയത് രണ്ടു വര്‍ഷം
2014 സെപ്റ്റംബര്‍ 30-നാണ് ഐഎസ്ആര്‍ഒയും നാസയും തമ്മില്‍ ‘നിസാര്‍’ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) ഉപഗ്രഹത്തിനായി പങ്കാളിത്ത കരാര്‍ ഒപ്പിട്ടത്. ഭൗമനിരീക്ഷണം, ദുരന്തനിവാരണം, കാലാവസ്ഥാ പഠനം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ഈ പദ്ധതി, 2023-ല്‍ വിക്ഷേപിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നാസ നിര്‍മ്മിച്ച 12 മീറ്റര്‍ നീളമുള്ള ആന്റിനയില്‍ തിരുത്തലുകള്‍ ആവശ്യമായി വന്നതോടെ പദ്ധതി അനിശ്ചിതമായി വൈകുകയായിരുന്നു. ആന്റിന അറ്റകുറ്റപ്പണികള്‍ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ടി വന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് തന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പ്രഖ്യാപനങ്ങള്‍ക്കപ്പുറം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
എന്താണ് നിസാര്‍ ദൗത്യം ?
ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയും നാസയും ഏകദേശം തുല്യ പങ്കാളികളാണ്. ഭൂമിയുടെ ഉപരിതലത്തിലെ ഒരു സെന്റിമീറ്ററില്‍ താഴെയുള്ള വ്യതിയാനങ്ങള്‍ പോലും കൃത്യമായി അളക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്.
ഇരട്ട റഡാര്‍ സംവിധാനം: നാസയുടെ എല്‍-ബാന്‍ഡും ഐഎസ്ആര്‍ഒയുടെ എസ്-ബാന്‍ഡും ഒരുമിച്ച് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹം. ഈ ഇരട്ട ഫ്രീക്വന്‍സി സംവിധാനം മേഘങ്ങള്‍ക്കിടയിലൂടെ പോലും ഭൂമിയെ നിരീക്ഷിക്കാന്‍ സഹായിക്കും.
കൃത്യമായ നിരീക്ഷണം: ഓരോ 12 ദിവസം കൂടുമ്പോഴും ഉപഗ്രഹം ലോകം മുഴുവന്‍ സ്‌കാന്‍ ചെയ്യും. ഭൂകമ്പം, മണ്ണിടിച്ചില്‍ തുടങ്ങിയവയ്ക്ക് മുന്നോടിയായുള്ള ഭൂമിയുടെ ഉപരിതലത്തിലെ നേരിയ ചലനങ്ങള്‍ പോലും കണ്ടെത്താന്‍ ഇതിന് കഴിയും.
വിവിധ ഉപയോഗങ്ങള്‍: ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ചുള്ള പഠനം, വനങ്ങളിലെ ജൈവസമ്പത്തിന്റെ അളവ് കണ്ടെത്തല്‍, സമുദ്രത്തിലെ എണ്ണച്ചോര്‍ച്ച, കപ്പലുകളുടെ നീക്കം, തീരദേശ ശോഷണം, മണ്ണിന്റെ ഈര്‍പ്പം, ജലസ്രോതസ്സുകളുടെ നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയല്‍ എന്നിവയ്‌ക്കെല്ലാം നിസാര്‍ സഹായകമാകും.
2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ ഐഎസ്ആര്‍ഒയുടെ ഐ3കെ ബസ്, എസ്-ബാന്‍ഡ് റഡാര്‍, വിക്ഷേപണ വാഹനം എന്നിവയും നാസയുടെ എല്‍-ബാന്‍ഡ് റഡാര്‍, കൂറ്റന്‍ ആന്റിന, ഡാറ്റാ സംഭരണ സംവിധാനങ്ങള്‍ എന്നിവയുമാണ് പ്രധാന ഭാഗങ്ങള്‍.
ഒരു ദശാബ്ദത്തിലേറെ നീണ്ട ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ദൗത്യം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ തുടക്കമിട്ട ഒരു സുപ്രധാന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പോലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനമാണ് ഈ കാലതാമസം ഉയര്‍ത്തുന്നത്. എന്തായാലും, വൈകിയാണെങ്കിലും നിസാര്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു മുതല്‍ക്കൂട്ട് തന്നെയാകും.