വിക്രം ലാൻഡറുമായുള്ള സമ്പർക്കം പുനഃസ്ഥാപിക്കാന്‍ ISROയ്ക്ക് പിന്തുണയുമായി NASA

Jaihind News Bureau
Thursday, September 12, 2019

ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള സമ്പർക്കം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ശ്രമങ്ങൾക്കൊപ്പം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും രംഗത്ത്. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളിൽ നിന്ന് വിക്രം ലാൻഡറിലേക്ക് സന്ദേശങ്ങൾ അയച്ച് ഐഎസ്ആർഒയുടെ ശ്രമത്തിൽ നാസയും പങ്കു ചേർന്നിരിക്കുകയാണ്.

ലാൻഡറുമായുള്ള സമ്പർക്കത്തിനായി നാസയുടെ ജെറ്റ് പ്രോപ്പൽഷൻ ലബോറട്ടറി റേഡിയോ സിഗ്‌നലുകൾ അയച്ചു കൊണ്ടിരിക്കുകയാണെന്ന് നാസ വക്താവ് അറിയിച്ചു. നാസയുടെ ഡീപ് സ്പേസ് നെറ്റ് വർക്ക് ഉപയോഗിച്ച് ലാൻഡറിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ഐഎസ്ആർഒയുമായി ധാരണയിലെത്തിയതായി നാസ വ്യക്തമാക്കി. കാലിഫോർണിയയിലെ ഡിഎസ്എൻ സ്റ്റേഷനിൽ നിന്ന് ലാൻഡറിലേക്ക് റേഡിയോ സിഗ്‌നൽ അയച്ചതായി ബഹിരാകാശശാസ്ത്രജ്ഞനായ സ്‌കോട്ട് ടില്ലി സ്ഥിരീകരിച്ചു.

12 കിലോവാട്സ് ആവൃത്തിയുള്ള ഡിഎസ് എൻ 24 റേഡിയോ സിഗ്‌നലുകൾ വിക്രം ലാൻഡറെ പ്രവർത്തനക്ഷമമാക്കുമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിലേക്കാണ് ഈ സിഗ്‌നലുകൾ അയക്കുന്നത്. വിക്രം ലാൻഡറിനെ കണ്ടെത്തിയ മേഖലയിലേക്കാണ് അതിശക്തമായ സിഗ്‌നലുകൾ തുടരെ അയച്ചു കൊണ്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ്ങിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് വിക്രം ലാൻഡർ മുൻ നിശ്ചയിച്ച പാതയിൽ നിന്ന് തെന്നി മാറിയത്. തുടർന്ന് ലാൻഡറിൽ നിന്നുള്ള സിഗ്‌നലും നഷ്ടമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിലെ അഭിമാന അധ്യായമായി മാറുമായിരുന്ന ചന്ദ്രയാൻ 2 ന് ദൗത്യം പൂർത്തീകരിക്കാനായില്ല.