പ്രധാനമന്ത്രിയുടെ വിമാനയാത്രയില്‍ വിവാദം; ചട്ടം ലംഘിച്ച് നടത്തിയത് 240 അനൗദ്യോഗിക വിമാനയാത്രകള്‍; കണക്കുകളിലും അവ്യക്തത

പ്രധാനമന്ത്രിയുടെ വിമാനയാത്രയില്‍ വിവാദം. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്ര മോദി നടത്തിയത് 240 അനൗദ്യോഗിക വിമാനയാത്രകളാണ്. അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗപ്പെടുത്താവുന്ന സംവിധാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്‍പ്പെടെ പ്രധാനമന്ത്രി ദുരുപയോഗപ്പെടുത്തിയതായാണ് ഉയരുന്ന ആരോപണം.

സാധാരണഗതിയില്‍ അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിട്ടാണ് മോദി യാത്രകളില്‍ അധികവും നടത്തിയത്. ഇതോടെ അടിയന്തര ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനുള്ള സംവിധാനം പ്രധാനമന്ത്രി ദുരുപയോഗം ചെയ്തതായാണ് ഉയരുന്ന ആരോപണം. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം മോദി ഇതുവരെ  240 അനൗദ്യോഗിക വിമാന യാത്രകള്‍ നടത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിലേറെയും ചട്ടം ലംഘിച്ചുള്ള യാത്രകളാണെന്നാണ് ലഭ്യമാകുന്ന വിവരം.

യാത്രയ്ക്ക് ചെലവാകുന്ന പണം ബന്ധപ്പെട്ട പാര്‍ട്ടിയോ ഓഫീസോ നല്‍കണമെന്നാണ് പ്രതിരോധ വകുപ്പിന്‍റെ മാനദണ്ഡം. കൊമേഴ്‌സ്യല്‍ ടിക്കറ്റ് നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് യാത്രാക്കൂലി നിശ്ചയിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രകളുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇന്ത്യന്‍ എയര്‍ഫോഴ്സിന് ഏകദേശം ഒന്നരക്കോടി രൂപയോളം നല്‍കിയതായി വിവരാവകാശരേഖപ്രകാരം ഉന്നയിച്ച ചോദ്യത്തിന് എയര്‍ഫോഴ്സ് മറുപടി നല്‍കിയിട്ടുണ്ട്.

എന്നാല്‍ യാത്രാനിരക്ക് കണക്ക് കൂട്ടിയത് പ്രതിരോധവകുപ്പിന്‍റെ മാനദണ്ഡമനുസരിച്ചല്ലെന്നാണ് നിരക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. കൊമേഴ്സ്യല്‍ നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിശ്ചയിക്കേണ്ടത് എന്നാണ് ചട്ടം. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ യാത്രയുടെ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. കൊമേഴ്സ്യല്‍ നിരക്കില്‍ നിന്നും വളരെ കുറഞ്ഞ യാത്രാക്കൂലിയാണ് ചില യാത്രകള്‍ക്ക് ബി.ജെ.പി നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

പ്രധാനമന്ത്രി 2015 ജനുവരിയില്‍ നടത്തിയ ബലാംഗിർ-പതർചേര യാത്രയ്ക്ക് ബി.ജെ.പി പ്രതിരോധവകുപ്പിന് നല്‍കിയിരിക്കുന്നത് 744 രൂപയാണ്. ഇത് യഥാര്‍ത്ഥ നിരക്കില്‍ നിന്ന് വളരെ കുറവാണ്. ചണ്ഡീഗഢ്-ഷിംല-അന്നാദേല്‍-ചണ്ഡീഗഢ് യാത്രയ്ക്ക് നല്‍കിയിരിക്കുന്നത് 845 രൂപയാണ്. 2500-5000 രൂപ ചെലവാകുന്ന യാത്രയാണിത്. എന്ത് മാനദണ്ഡത്തിലാണ് നിരക്കുകള്‍ കണക്കാക്കിയിരിക്കുന്നതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു.

narendra modi
Comments (0)
Add Comment