‘നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് മാറ്റും, സർദാർ പട്ടേല്‍ എന്നാക്കും’; ഗുജറാത്ത് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Saturday, November 12, 2022

 

അഹമ്മദാബാദ്/ഗുജറാത്ത്: മോദി സർക്കാർ പേര് മാറ്റിയ മൊട്ടേരയിലെ സ്റ്റേഡിയത്തിന്‍റെ പേര് സര്‍ദാര്‍ പട്ടേല്‍ എന്നാക്കി മാറ്റുമെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടനപത്രികയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സർദാർ പട്ടേല്‍ സ്റ്റേഡിയത്തിന്‍റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കി മാറ്റിയ വിവാദ നീക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ജനപ്രിയ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും മരുന്നുകളും നല്‍കും. കൊവിഡ് അസുഖബാധിതര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനമുണ്ട്. 3 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നും കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ പറയുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രകടന പത്രികയെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെല്ലാം പരിശോധിക്കുകയും കുറ്റക്കാരായാവരെ ശിക്ഷിക്കുമെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 1 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബർ 5 ന് രണ്ടാം ഘട്ടവും ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും.