നരേന്ദ്ര മോദി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയം; രമേശ് ചെന്നിത്തല

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ പാവപ്പെട്ട ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരങ്ങള്‍ അട്ടിമറിച്ചതായി രമേശ് ചെന്നിത്തല. ഗുജറാത്തിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. ഗുജറാത്തിലെ എഐസിസിയുടെ തെരഞ്ഞെടുപ്പ് നീരീക്ഷകനാണ് അദ്ദേഹം.

രാജ്യത്തെ സാധാരണക്കാരായ മുഴുവന്‍ ജനങ്ങളും നിരാശയിലും ദുഃഖത്തിലുമാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടി. കഴിഞ്ഞ എട്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.

മോദി ഭരണത്തിന്‍റെ വീഴ്ചകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. 2024 ലെ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ ജനം തൂത്തെറിയും. മോദിക്ക് ഒരു ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. അതിന്‍റെ  മുന്നൊരുക്കമാണ് ഗുജറാത്തിലെ നിയമ സഭാ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാമന്‍വാദ, കേശോദ് തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി രമേശ് ചെന്നിത്തല പ്രചാരണം നടത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

Comments (0)
Add Comment