നരേന്ദ്ര മോദി ‘സര്‍ക്കാര്‍ കമ്പനികള്‍ വില്‍പനയ്ക്ക്’ ക്യാമ്പെയ്ന്‍ നടത്തുന്ന തിരക്കില്‍ ; എല്‍.ഐ.സി ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധി. ‘സർക്കാർ കമ്പനികള്‍ വില്‍പനയ്ക്ക്’ എന്ന ക്യാമ്പെയ്ന്‍ നടത്തുകയാണെന്ന്  മോദിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്വന്തം സാമ്പത്തിക ക്ഷേമത്തിനായി രാജ്യത്തിന്‍റെ ആസ്തികൾ ഒന്നൊന്നായി വില്‍ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ജനങ്ങളുടെ വിശ്വാസവും ഭാവിയും കണക്കിലെടുക്കാതെ മോദി സർക്കാരിന്‍റെ മറ്റൊരു ലജ്ജാകരമായ നീക്കമാണ് എല്‍.ഐ.സിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനമെന്നും രാഹുല്‍ ഗാന്ധി കുറ്റിപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള പ്രഖ്യാപിത തീരുമാനത്തിന്‍റെ ഭാഗമായാണ് എല്‍.ഐ.സിയിലുള്ള സര്‍ക്കാരിന്‍റെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സ്വകാര്യ കമ്പനികള്‍ ഒട്ടേറെയുണ്ടെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ കുത്തക ഭീമനാണ് എല്‍.ഐ.സി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം എല്‍.ഐ.സി തീര്‍പ്പാക്കിയത് 259.54 ലക്ഷം ക്ലെയിമുകളാണ്. പോളിസി ഉടമകള്‍ക്ക് 1,63,104.50 കോടി രൂപ നല്‍കി. 97.79 ശതമാനം ക്ലെയിമും നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ക്ലെയിം സെറ്റില്‍മെന്‍റിന്‍റെ കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് എല്‍.ഐ.സി. 23 സ്വകാര്യ കമ്പനികള്‍ ഇന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍.ഐ.സിയോട് മത്സരിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും 74 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എല്‍.ഐ.സിയുടെ കൈകളിലാണ്.

നിലവില്‍ എല്‍.ഐ.സിയുടെ ആസ്തി 32 ലക്ഷം കോടിയിലേറെ രൂപയാണ്. അത് പൂര്‍ണമായും ഈ രാജ്യത്തെ പോളിസി ഉടമകളുടെ തുകയാണ്. യഥാര്‍ത്ഥത്തില്‍ 40 കോടിയിലധികം വരുന്ന പോളിസി ഉടമകളാണ് എല്‍.ഐ.സിയുടെ ഉടമസ്ഥര്‍. ആ പോളിസി ഉടമകളുടെ അനുവാദമോ അവരുടെ അഭിപ്രായമോ ഇല്ലാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി വിറ്റഴിക്കല്‍ തീരുമാനത്തിലേക്ക് എത്തിയത്.

ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന പ്രീമിയം തുക ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപമായി സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികള്‍ക്കും ഇന്ത്യയുടെ സാമൂഹ്യക്ഷേമ വികസന പദ്ധതികള്‍ക്കുമൊക്കെയായിട്ട് ഓരോ വര്‍ഷവും വലിയ തുകയാണ് എല്‍.ഐ.സി കൊടുക്കുന്നത്. 25 ശതമാനം വരെ ഓഹരികള്‍ വിറ്റഴിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരിവില്‍പ്പനയ്ക്കുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. താല്‍ക്കാലിക സാമ്പത്തിക ലാഭത്തിനായി ഇത്തരമൊരു സ്ഥാപനം വിറ്റഴിക്കുന്നതിലൂടെ വലിയ തിരിച്ചടിയാകും നേരിടേണ്ടിവരികയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Comments (0)
Add Comment