മതപരിവര്‍ത്തന ആരോപണം: നാഗ്പൂരില്‍ അറസ്റ്റിലായ മലയാളി വൈദികനും സംഘത്തിനും ജാമ്യം

Jaihind News Bureau
Wednesday, December 31, 2025

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്കും ജാമ്യം ലഭിച്ചു. വറൂട് സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മിഷനറി വൈദികനായ തിരുവനന്തപുരം അമരവിള സ്വദേശി ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ഒരു പ്രാദേശിക വൈദികന്റെ ക്ഷണപ്രകാരം വീട്ടിലെത്തിയതായിരുന്നു ഫാദര്‍ സുധീറും സംഘവും. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ബെനോഡ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

സംഭവത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും പ്രാര്‍ത്ഥന തടസ്സപ്പെടുത്തി ഇവര്‍ അതിക്രമം കാട്ടിയെന്നും വൈദികന്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമരാവതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ സുധീറിന് മുന്‍പും ഇത്തരത്തില്‍ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അതിക്രമങ്ങളില്‍ സി.എസ്.ഐ സഭാ നേതൃത്വം കടുത്ത ആശങ്ക രേഖപ്പെടുത്തി. അറസ്റ്റിലായവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നതിനായി സഭയുടെ പ്രത്യേക പ്രതിനിധി സംഘത്തെ നാഗ്പൂരിലേക്ക് അയച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു.