ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന് (80) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് എട്ടിന് ചെന്നൈയിലെ ടി നഗറിലുള്ള വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവായിരുന്ന എല്‍. ഗണേശന് ആര്.എസ്.എസ്. പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ബി.ജെ.പി.യുടെ വിവിധ ഉന്നത പദവികള്‍ വഹിച്ച അദ്ദേഹം, പാര്‍ട്ടിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ല്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2021 ഓഗസ്റ്റ് മുതല്‍ 2023 ഫെബ്രുവരി വരെ മണിപ്പൂര്‍ ഗവര്‍ണറായും, തുടര്‍ന്ന് 2022 ജൂലൈ മുതല്‍ നവംബര്‍ വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡിന്റെ 21-ാമത് ഗവര്‍ണറായി എല്‍. ഗണേശന് ചുമതലയേറ്റത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. തമിഴ് സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടനയായ ‘പൊറ്റ്രമാരൈ’യുടെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പൊതുദര്‍ശനത്തിനായി ടി നഗറിലെ വസതിയിലേക്ക് മാറ്റും.