നാടാർ സംവരണ സ്റ്റേ തുടരും; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; സർക്കാരിന്‍റെ ഹർജി 25ന് പരിഗണിക്കും

Jaihind Webdesk
Tuesday, August 10, 2021

കൊച്ചി : നാടാർ സംവരണത്തില്‍ ഹൈക്കോടതി സ്റ്റേ തുടരും.  ക്രിസ്ത്യന്‍ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇതിന് സ്റ്റേ ഏർപ്പെടുത്തിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഓഗസ്റ്റ് 25ന് പരിഗണിക്കും

നാടാർ സംവരണം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിരുന്നു. സംവണം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും മറാത്ത കേസിലെ സുപ്രീം കോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ അവകാശമുണ്ടെന്നും കാണിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മറാത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി കൂട്ടിച്ചേര്‍ത്തു. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാരമുള്ളതെന്നും ഹൈക്കോടതിയുടെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ നീക്കം നാടാർ സമുദായത്തെ വഞ്ചിക്കുന്നതാണെന്നും വോട്ട് ലക്ഷ്യമിട്ട് മാത്രമാണെന്നും വിമർശനമുണ്ട്.